അധിനിവേശ വിരുദ്ധ പോരാട്ടവും കണ്ണൂർ മുസ്ലിങ്ങളും
✒
1498ൽ പോർച്ചുഗീസ് നാവികനായ വാസ്കോഡ ഗാമയും സംഘവും കോഴിക്കോട് പന്തലായനിയിൽ വന്നിറങ്ങിയത് മുതലുള്ള ഇന്ത്യയുടെ അധിനിവേശ ചരിത്രത്തിൽ കണ്ണൂരിന് നിർണ്ണായക സ്വാധീനമുണ്ട്.
യാത്രക്കിടെ കണ്ണൂരിലെത്തിച്ചേർന്ന പോർച്ചുഗീസ് സഞ്ചാരി കോവിൽ ഹോയുടെ സഞ്ചാരക്കുറിപ്പിൽ നിന്നാണ് പോർച്ചുഗീസ് രാജാവായിരുന്ന ഡോൺ ഇമാനുവൽ ഇന്ത്യയുടെ സമ്പത്തിനെ കുറിച്ച് മനസ്സിലാക്കുകയും വാസ്കോഡ ഗാമയുടെ നേതൃത്വത്തിലുള്ള നാവിക സംഘത്തെ ഇന്ത്യയിലേക്കയക്കുകയും ചെയ്തത്.
സെൻറ് ഗബ്രിയേൽ, സെൻറ് റാഫേൽ, ബറിയോ, ഒരു ചരക്കു കപ്പൽ, എന്നിവയിലായി യാത്ര തിരിച്ച 170 അംഗ സംഘം ആദ്യമായി കണ്ടത് കണ്ണൂരിലെ ഏഴിമലയായിരുന്നു. പോർച്ചുഗീസ് വൈസ്രോയിയായിരുന്ന അഫോൻസാഡാ അൽബുക്കർക്കിൻറെ പ്രവർത്തനങ്ങൾ വിവരിച്ച് കൊണ്ട് തൻറെ മകൻ ബ്രാസ്ഡാ അൽ ബുക്കർക്ക് എഴുതിയ പുസ്തകത്തിൽ ഇത് സംബന്ധിച്ച പ്രതിപാദ്യം ഉണ്ട്.
ഏഴിമല തീരത്ത് കപ്പലടുപ്പിക്കാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ തെക്കോട്ട് യാത്ര ചെയ്ത് കോഴിക്കോടിനടുത്ത് എത്തുകയായിരുന്നു. കണ്ണൂരിൻറെ കടലിലൂടെ യാത്രചെയ്ത സംഘം അന്ന് കണ്ണൂരിനെ പറ്റി രേഖപ്പെടുത്തിയത് " ഓലകൊണ്ടുള്ള വീടുകളും കെട്ടിടങ്ങളുമായുള്ള വലിയ സിറ്റി" എന്നാണ്.
ഗാമയേയും സംഘത്തേയും സഹർഷം സ്വീകരിച്ച സാമൂതിരിയോട് ഗാമയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് കാലങ്ങളായി തുടരുന്ന അറബ് മുസ്ലിങ്ങളമായുള്ള കച്ചവടബന്ധം ഒഴിവാക്കണമെന്നായിരുന്നു. അതുവഴി വ്യാപാര കുത്തക കൈക്കലാക്കാമെന്നവർ വ്യാമോഹിച്ചു.
പക്ഷേ ഈ ആവശ്യം അംഗീകരിക്കാൻ സാമൂതിരി തയ്യാറായില്ല. ഗാമ കണ്ണൂരിലേക്ക് തിരിക്കുകയും സാമൂതിരിയുമായി അകൽച്ചയിലുള്ള കോലത്തിരി രാജാവുമായി കച്ചവട ബന്ധമുറപ്പിക്കുകയും ചെയ്തു. 1498 ൽ കപ്പൽ നിറയെ സുഗന്ധ വ്യഞ്ജനങ്ങളുമായാണ് ഗാമ കണ്ണൂർ വിട്ടത്. ലിസ്ബണിൽ തിരിച്ചെത്തിയപ്പോൾ സാധനങ്ങൾക്ക് നല്ല വില കിട്ടുകയും യാത്രക്ക് ചെലവായതിൻറെ 60 ഇരട്ടിയോളം ലാഭം കിട്ടുകയും ചെയ്തു.
1502 ൽ വൻ സൈനിക സന്നാഹങ്ങളുമായിട്ടായിരുന്നു ഗാമയുടെ രണ്ടാം വരവ്. കച്ചവടത്തിന് പുറമെ മുസ്ലിംകളെ തർക്കുക കൂടി ഈ യാത്രയുടെ ലക്ഷ്യമായിരുന്നു.
ആദ്യ വരവിൽ ശ്രദ്ധയാകർഷിച്ച ഏഴിമലയോട് കപ്പൽ അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് മക്കയിൽ നിന്ന് ഹജ്ജ് തീർത്ഥാടകരുമായി കോഴിക്കോടേക്ക് വരുന്ന കപ്പൽ ഗാമയുടെ ദൃഷ്ടിയിൽ പെട്ടത്. ഗാമയും സംഘവും ഹജ്ജ് കപ്പൽ കൊള്ളയടിക്കുകയും അതിലുണ്ടായിരുന്ന 400 ഓളം പേരെ വധിക്കുകയും 20 ഓളം കൗമാരപ്രായക്കാരെ ക്രിസ്തുമതത്തിൽ ചേർക്കാൻ ലിസ്ബണിലേക്കയക്കുകയും ചെയ്തു.
അക്രമണവേളയിൽ ഗാമ, കപ്പലിലെ നിരീക്ഷണ കവാടത്തിലൂടെ മരണത്തോട് മല്ലിടുന്നവരെ നോക്കി രസിക്കുകയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെത്തിച്ചേർന്ന മറ്റു അധിനിവേശ ശക്തികളിൽ നിന്നും വ്യത്യസ്തമായി തീർത്തും അസഹിഷ്ണുതാപരവും അക്രമണോൽസുകത നിറഞ്ഞതുമായ മതനയമായിരുന്നു പോർച്ചുഗീസുകാർ വച്ചുപുലർത്തിയിരുന്നത്. മുസ്ലിംകളോടുള്ള അന്ധമായ വിരോധം കാരണം കടലിൽ അറേബ്യൻ കപ്പലുകൾ തകർത്തും കരയിൽ പള്ളികൾ അക്രമിച്ചും അവർ സംഹാര താണ്ഡവമാടി.
1505 ൽ കണ്ണൂരിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ കോട്ട പറങ്കികൾ പണിതത്. കോലത്തിരി രാജാവിന്റെ അനുമതി പ്രകാരം ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയാരുന്ന ഡോൺ ഫ്രാൻസിസ് കോഡി അൽമേഡയുടെ നേത്രത്വത്തിലായിരുന്നു നിർമ്മാണം.
*ചെറുത്തുനിൽപ്പും പോരാട്ടവും*
മലബാർ തീരങ്ങളിൽ പറങ്കികൾ നടത്തിയ ക്രൂരമായ അതിക്രമങ്ങൾക്ക് തിരിച്ചടിയായി, സാമൂതിരിയുടെ സൈന്യം, കോഴിക്കോട് കച്ചവടം നടത്തിയ അറബികൾ, തുർക്കികൾ, തൊഴിലാളികൾ എന്നിവർ ചേർന്ന് 210 കപ്പലുകളിലും ബോട്ടുകളിലുമായി 4000 പേർ, വാൾ, പരിച, കുന്തം തുടങ്ങിയ ആയുധങ്ങളുമായി കണ്ണൂരിലെത്തി പോരാട്ടമാരംഭിച്ചു. എന്നാൽ പോർച്ചുഗീസുകാരുടെ ശക്തമായ പീരങ്കി ആക്രമണത്തിൽ 3000 പേർ കണ്ണൂർ കടലിൽ വെച്ച് കൊല്ലപ്പെട്ടു.
1507 ൽ കണ്ണൂർ കോട്ടയുടെ പടിഞ്ഞാറുവെച്ച് അറക്കലിൻറെ ഉടമസ്ഥതയിലുള്ള കപ്പൽ പോർച്ചുഗീസുകാർ അക്രമിച്ചു. കപ്പൽ കൊള്ളയടിച്ച ശേഷം യാത്രക്കാരെ കപ്പലിന്റെ കാറ്റുപായയിൽ പൊതിഞ്ഞ് കെട്ടി വെള്ളത്തിലിട്ട് കൊല്ലുകയും കപ്പൽ പീരങ്കി വെടിവച്ച് കടലിൽ മുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അറക്കൽ, കോലത്തിരി, സാമൂതിരി എന്നിവരുടെ സംയുക്ത സൈന്യം പോർച്ചുഗീസ്ക്കാർക്കെതിരെ ശക്തമായ അക്രമണം നടത്തി.നാലു മാസത്തോളം കണ്ണൂർ കോട്ട ഉപരോധിച്ചു. പോർച്ചുഗലിൽ നിന്നും ട്രിസ്റ്റോ ഡി കുൻഹയുടെ നേത്രത്വത്തിൽ പതിനൊന്ന് കപ്പലുകളിലായെത്തിയ പോർച്ചുഗീസ് സൈന്യം നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് സംയുക്ത സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നു. ശേഷം പോർച്ചുഗീസ് സൈന്യം കണ്ണൂർ അങ്ങാടി തീവെക്കുകയും തെങ്ങുകൾ വെട്ടി നശിപ്പിക്കുകയും ചെയ്തു.
കണ്ണൂരിൽ പോർച്ചുഗീസ് അതിക്രമണത്തിനെതിരെ പോരാടിയവരിൽ മുൻനിരയിലായിരുന്നു കണ്ണൂരിലെ മമ്മാലിമാർ. രണ്ടാമത്തെ വൈസ്രോയിയായിരുന്ന അൽബുക്കർക്ക്, അറക്കൽ രാജാവിന്റെ അധീനതയിലുള്ള മാലിദ്വിപിൻറെ അധികാരം തങ്ങൾകാണെന്ന് പ്രഖ്യാപിച്ചപ്പോൾ അറക്കൽ രാജാവിന്നു വേണ്ടി പോരാട്ടത്തിന് നേതൃത്വം കൊടുത്തത് മമ്മാലിയായിരുന്നു. കുഞ്ഞാലി മരക്കാർ മാരെപ്പോലെ തിരമാലകൾക്കിടയിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചവരാണ് കണ്ണൂരിലെ മമ്മാലിമാർ.
കണ്ണൂരിലെ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യേണ്ട നാമങ്ങളിലൊന്നാണ് അറക്കൽ ബലിയ ഹസൻ്റേത്.പോർച്ചുഗീസ് മേധാവിത്വത്തിനെതിരെ 1524 ൽ, അറക്കൽ സൈന്യത്തിന്റെ പടനായകനായ ബലിയ ഹസ്സൻറെ നേതൃത്വത്തിൽ ശക്തമായ പോരാട്ടമാണ് നടന്നത്. ചെറിയ തോണികളിൽ ചെന്ന് പോർച്ചുഗീസ് കപ്പലുകൾക്കുനേരെ മിന്നലാക്രമണം നടത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു അദ്ധേഹം.
അന്നത്തെ പ്രധാന തുറമുഖങ്ങളിലൊന്നായ ധർമ്മ പട്ടണം എന്ന ധർമ്മടത്ത് അധിനിവേശ മോഹവുമായി വന്ന പറങ്കികളെ തുരത്തിയത് ഹസ്സൻറെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. എങ്കിലും പോർച്ചുഗീസുകാരുമായി സൗഹൃദത്തിലായിരുന്ന കോലത്തിരി, വഞ്ചനാപൂർവ്വം ബലിയ ഹസ്സനെ പിടികൂടുകയും പറങ്കികൾക്ക് കൈമാറുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യങ്ങൾക്ക് വിഘാതം സൃഷ്ടിച്ച ബലിയ ഹസ്സനെ തൂക്കിലേറ്റാൻ പറങ്കികൾ തീരുമാനിച്ചു.
വലിയോരു തുക മോചനദ്രവ്യവുമായി അറക്കൽ രാജാവ് സമീപിച്ചെങ്കിലും തങ്ങളുടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ പറങ്കികൾ തയ്യാറായില്ല. ബലിയ ഹസ്സനെ ഇല്ലാതാക്കലോട് കൂടി അറക്കൽ രാജാവിനെ ദുർബലമാക്കാമെന്ന് കണക്ക്കൂട്ടിയ അവർ 1525 ജനുവരി മാസം കണ്ണൂർ കോട്ടയിൽ വെച്ച് തൂക്കിലേറ്റി. തുടർന്ന് അറക്കലും പോർച്ചുഗീസുകാരും തമ്മിൽ പോരാട്ടം നടക്കുകയും കോലത്തിരിയുമായുള്ള അറക്കലിൻറെ ബന്ധത്തിൽ ഇളക്കം തട്ടുകയും ചെയ്തു.
*രാമാന്തളിയിലേയും ധർമ്മടത്തേയും ശുഹദാക്കൾ*
തങ്ങളെ ഏറെ ആകർഷിച്ച ഏഴിമലയിൽ 1555 ൽ പോർച്ചുഗീസുകാർ കോട്ടകെട്ടുകയും സമീപപ്രദേശമായ രാമാന്തളിയിലുള്ള മുസ്ലിം കുടുംബങ്ങളെ ദ്രോഹിക്കാൻ ആരംഭിക്കുകയും ചെയ്തു. അവർ മസ്ജിദുകൾ മലിനമാക്കുകയും യുവാക്കളെ ആക്രമിക്കുകയും സ്ത്രീകളെ ശല്യപ്പെടുത്തുകയും ചെയ്തു. അക്രമം തുടർന്നപ്പോൾ പ്രദേശവാസികളായ മുസ്ലിമീങ്ങൾ പറങ്കികളോട് പോരടിക്കാൻ തീരുമാനിച്ചു. പീരങ്കിയുൾപ്പെടെയുള്ള ആയുധ സന്നാഹങ്ങളുള്ള പറങ്കി സൈന്യത്തെ നേരിടാൻ നാടൻ ആയുധങ്ങളേ അവരുടെ കൈവശം ഉണ്ടായിരുന്നുള്ളൂ.
വിവിധ കുടുംബങ്ങളിൽ നിന്ന് മികവുറ്റ 17 യുവാക്കൾ പോരാടാൻ തയ്യാറായി വന്നു. അവർ തങ്ങളുടെ കുടുംബങ്ങളെ സമീപ പ്രദേശങ്ങളിലേക്കയച്ചു.ധീരോത്തമായി പോരാടി പറങ്കി സൈന്യത്തിലെ അനേകം പേരെ വധിച്ച ശേഷം 17 പേരും ശഹീദായി. ക്രൂരരായ പറങ്കികൾ ശരീരം വെട്ടിനുറുക്കുകയും ജുമാമസ്ജിദിന് മുന്നിലുള്ള കിണറിലിടുകയും ചെയ്തു.
ദിവസങ്ങൾക്ക് ശേഷം (ആഴ്ചകൾക്ക് ശേഷം എന്നും പറയപ്പെടുന്നു) അയൽ പ്രദേശത്ത് മാറിത്താമസിച്ച ബന്ധുക്കൾ ശുഹദാക്കളുടെ മയ്യത്തുകൾ തേടിയെത്തി. തിരച്ചിലിനിടെ തെങ്ങു ചെത്തുകാരനായ ഈഴവ യുവാവ് ഇവരെ കാണുകയും താൻ തെങ്ങ് ചെത്തുമ്പോൾ അകലെ നിന്ന് പ്രകാശ ജ്വാല പുറപ്പെടുന്നത് കാണാറുണ്ടെന്നും എന്താണെന്നറിയില്ലെന്നും അറിയിച്ചു. അയാൾ കാണിച്ച ദിശയിലേക്ക് ചെന്ന ബന്ധുക്കൾ ഒരു കിണറിൽ കഷ്ണങ്ങളായി നുറുക്കപ്പെട്ട നിലയിൽ ശുഹദാക്കളുടെ മയ്യത്തുകൾ കണ്ടെത്തി.
അത്ഭുകരമെന്നോണം യാതൊരു വിധ ജീർണ്ണതയും അവയെ സ്പർശിച്ചിട്ടില്ല. കൂടാതെ മുറിവുകളിൽ നിന്ന് അപ്പോഴും രക്തം ഒലിക്കുന്നുണ്ടായിരുന്നു. ബന്ധുക്കളും വിവരമറിഞ്ഞെത്തിയവരും ചേർന്ന് കിണറിൽ നിന്ന് തിരു ശരീരങ്ങളെടുത്ത് യഥാവിധി ഖബറടക്കി.
പടനായകനായ പോക്കർ മൂപ്പർ, പരി,ഖലന്തർ, പരി,കുഞ്ഞിപ്പരി, കമ്പർ, അബൂബക്കർ, അഹ്മദ്, ബാക്കിരി ഹസൻ, ചെറിക്കാക്ക എന്നീ 10 ശുഹദാക്കളുടെ പേരുകൾ മാത്രമേ ഇന്നറിയപ്പെടുന്നുള്ളൂ.
ഇതിനു സമാനമായ സംഭവ വികാസങ്ങളാണ് കേരളത്തിലെ തന്നെ പ്രഥമ മുസ്ലിം കേന്ദ്രങ്ങളിൽ പെട്ട ധർമ്മടത്തും സംഭവിച്ചത്. തങ്ങളെ ദ്രോഹിക്കാനെത്തിയ പറങ്കികൾക്കെതിരെ മുസ്ലിംകൾ ശക്തിയുക്തം പോരാടുകയും നിരവധിപേർ ശഹീദാവുകയും ചെയ്തു.ധർമ്മടം ജുമാ മസ്ജിദിന്ന് സമീപം 12 ശുഹദാക്കളുടെ ഖബറുണ്ട്.
മമ്മാലിയേയും ബലിയ ഹസനെയും സഹായിച്ച വളപട്ടണത്തെ പോരാളികൾ 1921 ലെ ബ്രിട്ടീഷ് വിരുദ്ധ കർഷക സമരങ്ങളിൽ പങ്കെടുത്ത മട്ടന്നൂരിലേയും മറ്റും മുസ്ലിമീങ്ങൾ തുടങ്ങി കണ്ണൂരിലെ അധിനിവേശ വിരുദ്ധ സമരങ്ങളിൽ മുസ്ലിം സാന്നിധ്യം പ്രകടമായിരുന്നു.
*കണ്ണൂരിൻറെ പ്രഭ*
ചരിത്രത്തെ മതകീയവൽക്കരിക്കപ്പെടുകയും ആവശ്യാനുസരണം മാറ്റിത്തിരുത്തപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കണ്ണൂർ ചരിത്രത്തിൻറെ പുനർവായനയ്ക്ക് പ്രാധന്യമേറുകയാണ്.അറക്കലിൻറെയും ചിറക്കലിൻറെയും ഇടയിൽ നിലനിന്നിരുന്ന സൗഹൃദം ചരിത്രത്താളുകളിൽ ഒളിമങ്ങാതെ കിടക്കുകയാണ്.
കണ്ണൂരിന് പുറമെ ലക്ഷദ്വീപ്, മാലിദ്വീപ് തുടങ്ങിയ പ്രദേശങ്ങളുൾപ്പെടെ അധികാര പരിധിയുള്ള അറക്കൽ രാജാവിൻറെ സൈനിക മേധാവി മൂരിക്കഞ്ചേരി കേളുവായിരുന്നു.മുസ്ലിം രാജവംശമാണെങ്കിലും അറക്കൽ ഉദ്യോഗസ്ഥരിൽ അമുസ്ലിങ്ങളായ ധാരാളം പേരുണ്ടായിരുന്നു. ഹൈദരലിയും മകൻ ടിപ്പുവും കണ്ണൂർ ഭരിച്ച 24 വർഷക്കാലയളവിൽ നിരവധി ക്ഷേത്രങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്.
ധർമ്മടം, വളപട്ടണം, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ആദ്യകാല മസ്ജിദുകൾക്ക് സ്ഥലം നൽകിയത് ഹിന്ദു രാജാക്കന്മാരോ ജന്മിമാരോ ആയിരുന്നു. പുളിങ്ങോത്തെ കലന്തർ മുക്രിത്തെയ്യം പാപ്പിനിശ്ശേരി കാവിലെ ബീവിത്തെയ്യം തുടങ്ങിയ മാപ്പിള തെയ്യങ്ങൾ സാമുദായിക ഐക്യത്തിൻറെ നിദർശനങ്ങളാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ഈ ഐക്യത്തിൻറെ സമാനതകളില്ലാത്ത ഐക്യം ദൃശ്യമായിരുന്നു.
ഒരഭിപ്രായ പ്രകാരം "കണ്ണൂർ* എന്ന പേര് വന്നത് "കനൂർ" എന്ന അറബി പദത്തിൽ നിന്നാണ്. പ്രഭാസമാനമായത് എന്നാണതിന്റെ അർത്ഥം. സയ്യിദ് മുഹമ്മദ് അബൂബക്കർ ശില്ലി അൽ ഹള്റമി പാടിയത് പോലെ 'കണ്ണൂർ;പ്രകാശവും പ്രഭയും ചൊരിയും നഗരി, അതിൻ വിളക്കുമാടത്തിനണയാദീപം പ്രഭയോട് പ്രഭ വിതറി'
മുഹമ്മദ് നജീബ് അസ്അദി മാണിയൂർ