ജീവിതാനുഭവം
കാറിൻ്റെ പിൻസീറ്റിൽ ഇരുന്ന ആ വൃദ്ധൻ തൻ്റെ നരച്ച തലമുടി മെല്ലെ തലോടിക്കൊണ്ടിരുന്നു.കാറിൻ്റെ ജനാലയിലൂടെ പുറത്തെ കാഴ്‌ച്ചകളൊക്കെ വളരെ മനോഹരമായി കാണുന്നുണ്ട്.പരിചയമുള്ള സ്ഥലങ്ങളൊക്കെ പിന്നിട്ട് പുതിയ സ്ഥലപ്പേരുകളാണ് കാണുന്നത്. വൃദ്ധൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു .യാത്രയിലും ജീവിതത്തിലും ആ വൃദ്ധൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു .
കാർ നഗരത്തിലെ ആ ചെറിയ വീട്ടിലേക്ക് കയറി .വീട്ടിൽ ഒരു വലിയ മാധ്യമപ്പട തന്നെ നിൽക്കുന്നുണ്ട് .ഇരുപത്തിയഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം പ്രതി നിരപരാധിയാണ് എന്ന് തിരിച്ചറിഞ്ഞ കോടതിയോടുള്ള പ്രതികരണവും ഇരുപത്തിയഞ്ചു വർഷത്തെ ജീവിതാനുഭവവും ഒപ്പിയെടുക്കാൻ എത്തിയവരാണവർ .അവർക്ക് വേണ്ടത് അനുഭവങ്ങളാണ് .എൻ്റെ ജീവിതാനുഭവങ്ങൾ .അത് എന്തായാലും പ്രശ്‌നം ഇല്ല .അച്ചടിക്കാൻ പറ്റുന്നതായാൽ മാത്രം മതി .
വൃദ്ധൻ കാറിൻ്റെ ഡോർ തുറന്നു.തൻ്റെ കണ്ണട നേരെയാക്കി.മുൻപിൽ ജനങ്ങൾ ,ക്യാമറകൾ ,ചോദ്യങ്ങൾ ,വൃദ്ധൻ തൻ്റെ അനുഭവങ്ങൾ ഓർത്തെടുത്തു.അന്നും മാധ്യമങ്ങൾ ഉണ്ടായിരുന്നു.ചോദ്യങ്ങൾ ഉണ്ടായിരുന്നു.അന്ന് അവർ എന്നെ രാജ്യദ്രോഹി ,തീവ്രവാദി എന്നൊക്കെയായിരുന്നു ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. അന്നും അവർ ചോദിച്ചത് എൻ്റെ അനുഭവങ്ങൾ ആയിരുന്നു.തോക്കേന്തിയ അനുഭവങ്ങൾ ആവശ്യപ്പെട്ടു.പക്ഷെ ഞാൻ പറഞ്ഞില്ല.എന്നാൽ അവരെഴുതി എൻ്റെ ജീവിതാനുഭവങ്ങൾ ,ഞാനറിയാത്ത എൻ്റെ ജീവിതാനുഭവങ്ങൾ,ഞാൻ അനുഭവിക്കാത്ത എൻ്റെ ജീവിതാനുഭവങ്ങൾ.
"പറയൂ സർ ....എന്താണ് താങ്കൾക് അനുഭവപ്പെടുന്നത് ?" അയാൾ ഒന്ന് ഞെട്ടി.ചുറ്റും ഒന്ന് നോക്കി .ക്യാമറകൾ മാറിയിട്ടുണ്ട്.വസ്‌ത്രവും രീതിയും ഒക്കെ മാറിയിട്ടുണ്ട് .പക്ഷെ ചോദ്യം ....അത് മാറിയിട്ടില്ല വൃദ്ധൻ അവരെ തന്നെ നോക്കി നിൽക്കുകയാണ്.അവർ വീണ്ടും ചോദ്യം ആവർത്തിച്ചു."സർ പറയൂ സർ ...എന്താണ് താങ്കളുടെ അനുഭവം " വൃദ്ധൻ ഒന്നും പറഞ്ഞില്ല ഒന്നും പറയാൻ സാധിക്കുന്നില്ല.മൗനം.....മൗനം മാത്രം .മൗനമായിരുന്നു ആ വൃദ്ധൻെ ജീവിതാനുഭവം .മൗനം മാത്രം .