റബീഅ് വിടവാങ്ങുമ്പോൾ - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

റബീഅ് വിടവാങ്ങുമ്പോൾ



 

റബീഅ് വിടവാങ്ങുമ്പോൾ


ദുനിയാവിന്റെ പളപളപ്പിൽ  ലയിച്ചു ; പാപക്കറായിൽ മുങ്ങിതാഴുന്നവർക്കും ഔദാര്യമായി,ഓശാരമായി കാരുണ്യം വാർഷിക്കുന്ന പ്രപഞ്ചനാഥന്റെ നാമത്തിൽ ആരംഭിക്കുന്നു. അവിടുത്തെ രക്ഷയും, കരുണയും, സമാധാനവും അന്ത്യപ്രവാചകരിൽ സദാവർഷിക്കട്ടെ..
            ലോകാനുഗ്രഹിയായ പ്രവാചക പ്രഭുവെന്ന പുണ്യത്മാവ് ഭൂമുഖത്തേക്ക് പിറന്നുവീണ പുണ്യമാസമാണ് റബീഅ്‌.

റബീഇന് ഇത്രമേൽ വസന്തം വിരിയിക്കാൻ കഴിയുന്നത് ആ പുണ്യപ്രഭയുടെ ഉത്ഭവ പ്രഭാവം ലോകത്തിന് സമ്മാനിച്ച മാസമായതിനാലും;ആ പ്രഭയെ പാടിയും, പറഞ്ഞും കൊണ്ടുള്ള  സ്നേഹാനുസ്മരണം ഭൂമുഖത്തിന്റെ നാനാദിക്കുകളിലും അണമുറിയാതെ നടന്നുകൊണ്ടിരിക്കുന്നതിലുമാണെന്നതിൽ യഥാർത്ഥ വിശ്വാസികൾക്കിടയിൽ രണ്ടഭിപ്രായമില്ല.

പടച്ചവന്റെ പരിശുദ്ധ ഭവനത്തിൽ മൂത്രശങ്ക തീർത്തവനോട് മാന്യമായി പെരുമാറിയ, പുഞ്ചിരി ജീവതചര്യയാക്കിമാറ്റിയ, അതിഥികളെ മതം നോക്കാതെ സൽക്കരിക്കാൻ പഠിപ്പിച്ച, തന്റെ വഴിയിൽ നിരന്തരം തടസ്സം സൃഷ്ടിച്ച സ്ത്രീ രോഗിയായപ്പോൾ സന്ദർശനം നടത്തിയ....
ആ പരിപാവന ജീവിതത്തിൽ പതിരു പരതുന്നവർ എത്ര ഹതഭാഗ്യർ.
         ശത്രുക്കൾക്കിടയിലും വിശ്വസ്തൻ  എന്ന വിളിപ്പേര് വ്യാപകമായതിന്റെ കാരണം ചികയുമ്പോൾ തന്നെ ആ സ്നേഹവസന്തത്തിന്റെ സ്വഭാവ സംശുദ്ധി ഗ്രഹിക്കാനാവും.

ആ തിരു വസന്തത്തിന്റെ ജീവിതവും,വഫാത്തും ലോകർക്ക് അനുഗ്രഹമാണെന്ന് വിശ്യസിച്ചു കൊണ്ടിരിക്കേ തന്നെ ആ പുണ്യാത്മാവിന്റെ ജനനവും വഫാത്തും സംഭവിച്ച റബീഇനെ യാത്രയാക്കാൻ വിശ്വാസികളിൽ ഉണ്ടാകുന്ന പ്രയാസം പറഞ്ഞറിയിക്കാനും പ്രയാസമാണ്.

              ഇത്തവണത്തെ റബീഅ് വിടചോദിക്കുമ്പോൾ പടച്ചവന്റെ    വിളിയാളം കിട്ടി പരലോകം പുൽകിയ പണ്ഡിതരെ ഓർത്ത് ലോകം വിതുമ്പുകയാണ്. അറിവുള്ളവരുടെ വിയോഗം ലോകത്തിന്റെ മരണമാണെന്ന പ്രവാചക വചനത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഈ റബീഅ്.

ഗ്രാമർ മുതൽ ഗോളശാസ്ത്രം വരെയുള്ള സകല വിജ്ഞാന ശാഖകളും പഠിച്ചു പകർന്നുകൊടുത്ത്, എല്ലാത്തിനും കഴിവുള്ള ശിഷ്യഗണങ്ങളെ ലോകത്തിന് സമർപ്പിച്ച ശൈഖുനയെ പോലെ..... ഇസ്ലാമിക ആശയാദർശങ്ങൾ സ്നേഹ സംവാദത്തിലൂടെ കൈമാറിയ സലീം ഫൈസിയെ പോലെയുള്ള.... 
പണ്ഡിതർ ഇത്തവണത്തെ റബീഇനു   മുമ്പേ നമ്മോട് വിട ചൊല്ലിയ വസന്തങ്ങളാണ്.

സ്നേഹ വസന്തങ്ങളൊക്കെ വഴിമാറി; മൂകതകൾ തളംകെട്ടിനിൽക്കുന്ന ഈ വേളയിൽ " പടച്ചവൻ നമ്മോടൊപ്പമുണ്ട്, പ്രയാസത്തിന്റെ കൂടെ എളുപ്പമുണ്ട് " എന്നീ ദൈവീക വചനങ്ങളിലും;  " ഈ സമയവും കടന്ന് പോകുമെന്ന് " ബീർബലിന്റെ വർത്തമാനത്തിലും നമ്മുക്ക് സമാശ്വാസം കൊള്ളാം. ഇനിയുമൊരുപാട് പുണ്യ പുലരികളെയും,തിരു വസന്തങ്ങളെയും വരവേൽക്കാനുള്ള അവസരങ്ങൾ ലഭ്യമാകുമെന്ന്  നമുക്ക് പ്രത്യാശിക്കാം.


                        സഹദ് ഷാ ചക്കരക്കൽ