ശൈഖുനാ പി .കെ .പി അബ്‌ദുസ്സലാം ഉസ്താദ് - പാണ്ഡിത്യത്തിന്റെ പ്രൗഢഭാവം - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

ശൈഖുനാ പി .കെ .പി അബ്‌ദുസ്സലാം ഉസ്താദ് - പാണ്ഡിത്യത്തിന്റെ പ്രൗഢഭാവം


ശൈഖുനാ പി .കെ .പി അബ്‌ദുസ്സലാം ഉസ്താദ് - പാണ്ഡിത്യത്തിന്റെ പ്രൗഢഭാവം 

2014 ഏപ്രിൽ മാസത്തെ സുന്നി അഫ്കാർ വാരികയിൽ ശൈഖുനാ പി .കെ .പി ഉസ്താദുമായി അബ്ദുറഹീം പെടേന നടത്തിയ അഭിമുഖത്തിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ 





  • ഉസ്താദിന്റെ പേരിൽനിന്നുതന്നെ സംസാരമാരംഭിക്കാം . പി .കെ .പി എന്നതിന്റെ മുഴുവൻ രൂപം എന്താണ് ?

പി .കെ .പി എന്നതു തറവാട്ടുപേരിന്റെ ചുരുക്കിയെഴുത്താണ് . പൂവ്വംകുളം കൊട്ടിലക്കണ്ടത്തിൽ പുതിയപുരയിൽ എന്നതാണതിന്റെ പൂർണരൂപം .



  • ഉസ്താദിന്റെ ജനനം ,കുടുംബം ,ദേശം ?

ഞാൻ 1936ൽ പാപ്പിനിശ്ശേരിയിലെ പൂവ്വംകുളം കൊട്ടിലക്കണ്ടത്തിൽ പുതിയപുരയിൽ എന്ന ജന്മി തറവാട്ടിലാണു ജനിച്ചത് . അന്നത്തെ അവസ്ഥയിൽ പാപ്പിനിശ്ശേരിയിലെ ഏറ്റവും പ്രൗഢിയും പ്രതാപവുമുള്ള ,സാമ്പത്തിക ഭദ്രതയുള്ള തറവാടായിരുന്നു അത് . എന്റെ പിതാവ് തെക്കുമ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ എന്നവരാണ് . വാഴക്കാട് ദാറുൽ ഉലൂമിൽ കണ്ണിയത്ത് ഉസ്താദിന്റെ സതീർത്ഥ്യനായിരുന്നു അദ്ദേഹം . ഗോളശാസ്ത്രമടക്കം എല്ലാ വൈജ്ഞാനിക ശാഖകളിലും അഗാധപാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു എന്റെ വാപ്പ . ഖുതുബിയുടെ അരുമശിഷ്യനുമായിരുന്നു . ഉമ്മ എനിക്ക് നാലു വയസ്സായപ്പോയേക്കും മരിച്ചു പോയിരുന്നു . മരണശേഷം എന്നെ സംരക്ഷിച്ചതും വളർത്തിയതും ഉമ്മാമ അഥവാ ഉമ്മാന്റെ ഉമ്മയായിരുന്നു . ഉമ്മയുടെ പിതാവ് ചെറുകുന്ന് അബ്ബാസ് മുസ്‌ലിയാർ എന്നവരാണ് . അക്കാലത്തെ മികച്ച വാഇള് (മത പ്രഭാഷകൻ) ആയിരുന്നു അദ്ദേഹം . എല്ലാംകൊണ്ടും ഒരു പണ്ഡിത പാരമ്പര്യമുള്ള കുടുംബമായിരുന്നു അത് .


  • വാപ്പയെക്കുറിച്ചുള്ള ഓർമകൾ ?  

ഞാൻ ഏതൊരു പദവിലെത്തിപ്പെടുമ്പോഴും അല്ലാഹുവിനെ സ്മരിച്ചശേഷം പിന്നെയോർക്കുക എന്റെ പ്രിയ വാപ്പയെയായിരിക്കും . എന്റെ ആദ്യാവസാനത്തെ ഗുരുവും മാർഗദർശകനുമെല്ലാം വാപ്പയാണല്ലോ . ആയതിനാൽ , അദ്ദേഹത്തിന്റെ ദീപ്‌തമായ ഓർമകൾ പങ്കുവയ്ക്കാതെ എനിക്ക് അനുഭവങ്ങൾ ഒന്നും പറയാനുണ്ടാവില്ല . അത്രമേൽ ഒട്ടിപ്പിടിച്ചുകിടക്കുന്നു ഞാനും വാപ്പയും തമ്മിലുള്ള ബന്ധം . പിന്നെ , ചെറുപ്പകാലത്തേ മാതാവ് അകാലവിയോഗം പ്രാപിച്ചുവല്ലോ . അതിനാൽ , എനിക്ക് മാതാവിന്റെ യഥാർത്ഥമായ ആ സ്നേഹവും വാത്സല്യങ്ങളും അനുഭവിക്കാനായില്ല . രണ്ടുപേരെക്കുറിച്ചും സംസാരിക്കേണ്ടിവരുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞുപോവുകയാണ് . സ്വാത്വികനായിരുന്നു എന്റെ പിതാവ് . അന്ന് വാനശാസ്ത്രം കൈകാര്യം ചെയ്യുന്ന പണ്ഡിതൻ എന്റെ വാപ്പയേ ഉണ്ടായിരുന്നുള്ളൂ ; പിന്നെ കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാരും . തദ്‌രീസീ രംഗത്തും വാപ്പ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .


  • ഉസ്താദിന്റെ ദർസ് പഠനങ്ങൾ ,അനുഭവങ്ങൾ ?

പഴയ ഓത്തുപള്ളിയിൽ പോയിരുന്നു .എന്നാലും ചെറുപ്പകാലത്തുതന്നെ ജീവിതം ദർസ് പഠന രംഗത്തേക്കു തിരിക്കേണ്ടിവന്നു . ഉപ്പയുടെയും കുടുംബക്കാരുടെയും ശക്തമായ സമ്മർദ്ദമാണ് ഇതിനു നിമിത്തമായത് എന്ന് തോന്നുന്നു . എന്റെ ആദ്യത്തെ ഉസ്താദ് വാപ്പയായിരുന്നുവെന്ന് പറഞ്ഞുവല്ലോ . ഞാൻ ആദ്യം ഓതുന്നത് തെക്കുമ്പാടുനിന്നാണ് . അഥവാ , വാപ്പയുടെ സ്വന്തം നാട്ടിൽനിന്നുതന്നെ . ഇന്ന് വാപ്പയെ തെക്കുമ്പാടുകാർ അവിടുത്തെ എക്കാലത്തെയും പ്രഗത്ഭനായ മുദരിസായി അനുസ്മരിക്കുന്നത് പലരിൽ നിന്നും കേട്ടിട്ടുണ്ട് . മുതഫരിദ് , ഫത്ഹുൽ ഖയ്യൂം , അർബഊന ഹദീസ് തുടങ്ങിയ 'അശറത്തുകുത്തുബിലെ ' കിതാബുകൾ കൊണ്ടാണ് ഞാൻ കിതാബോത്തിന് തുടക്കം കുറിച്ചത് . അതോടൊപ്പം മീസാൻ , അജ്നാസ് ഇങ്ങനെ പോവുന്നു കിതാബിന്റെ നിര . പിന്നെ വാപ്പയുടെ കൂടെ തന്നെ എനിക്കു പുതിയങ്ങാടിയിലേക്കു മാറേണ്ടിവന്നു .(കണ്ണൂരിലെ പുതിയങ്ങാടിയാണ് ) അവിടെ നിന്നും കിതാബോത്തിനൊപ്പം ഞാൻ സ്കൂളിലേക്കും പോയിരുന്നു . അങ്ങനെ ഇ .എസ് .എൽ .സി ഒന്നാം റാങ്കോടെ പാസായി . അക്കാലത്തെ ഭൗതിക വിദ്യാഭാസ രംഗത്തെ ഉന്നത പഠനമായ  ഇ .എസ് .എൽ .സി പാസായവർ മാപ്പിളമാരിൽ നന്നേ കുറവായിരുന്നു . മറ്റു സമുദായങ്ങളിലും സ്ഥിതി അങ്ങനെ തന്നെയാവണം . ഞാൻ ഒന്നാം റാങ്കോടെ പാസായത് എല്ലാവരിലും മതിപ്പുളവാക്കി . ശേഷം വാപ്പ ദർസ് വീണ്ടും തെക്കുമ്പാട്ടേക്കു മാറ്റി . പക്ഷെ , എന്നെ അങ്ങോട്ടേക്ക് കൂട്ടാതെയായിരുന്നു ആ മടക്കം . ശൈഖുനാ ശംസുൽ ഉലമ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാമിൽ മുദരിസായി ചാർജെടുത്തത് കാരണം ശംസുൽ ഉലമയുടെ കീഴിൽ പഠിക്കാനായി അവിടെ ചേർത്തു .പ്രൗഢഗംഭീരമായ ക്ലാസ്സുകളായിരുന്നു ശംസുൽ ഉലമയുടേത് .ശംസുൽ ഉലമ എനിക്ക് ശആഈ  ഓതിത്തന്നു .പ്രമുഖർ അണിനിരക്കുന്ന വലിയ ശിഷ്യ സഞ്ചയം തന്നെ അന്നവിടെ ശംസുൽ ഉലമക്ക് ഉണ്ടായിരുന്നു  .അതേസമയം ഞാൻ  ഖതറുന്നദാ  ഓതിയിട്ടില്ല , ശരഉ വാഫി  ഓതി .ശംസുൽ ഉലമ ഖുവ്വത്തിൽ ഉള്ള കാലത്ത് അവിടത്തെ മാനേജർ അബ്ദുൽ അസീസ്  ഹാജി ആയിരുന്നു . അദ്ദേഹം ഹജ്ജ് നിർവഹണത്തിനായി കുറച്ചു ലീവായപ്പോൾ കോളേജ് കമ്മറ്റി അന്ന് ശംസുൽ ഉലമയെ തത്കാലത്തേക്ക് മാനേജരായി അവരോധിച്ചു . പക്ഷേ , തൽസ്ഥിതി അധികകാലം നീണ്ടു നിന്നില്ല. ആഭ്യന്തരമായ ചില ഉടക്കുകൾ  കാരണം അവിടെ വലിയ സംഘര്ഷങ്ങൾ  ഉടലെടുക്കുകയുണ്ടായി. അക്കാരണത്താൽ ശംസുൽ ഉലമ രാജികത്ത്  നൽകുകയും ചെയ്തു. തുടർന് വാപ്പയുടെ ശരീക്കായ കൈപറ്റ ബീരാൻ കുട്ടി മുസ്ലിയാരുടെ ദർസിൽ ചേർത്തു. പടന്നയിലായിരുന്നു ദർസ്‌. 60 ഓളം  വിദ്യാർത്ഥികൾ ഉണ്ടായിരുന്നു അവിടെ. അദ്ദേഹത്തിൽ നിന്ന് ഫത്‌ഹുൽ മുഈന്  അടക്കമുള്ള പ്രധാന കിതാബുകൾ മൂന്നു നാലുതവണ ഓതി . ഖുഥുബി യുടെ  ശിഷ്യരാണ് എൻ്റെ  വാപ്പയും കൈപറ്റ ഉസ്താദും,ഉമ്മയുടെ വാപ്പയായ ചെറുകുന്ന് അബ്ബാസ് മുസ്ലിയാരുമൊക്കെ. കൈപറ്റ ഉസ്താദിന് ഫിഖിഹിലും വാണ ശാസ്ത്രത്തിലും വലിയ അവഗാഹം ഉണ്ടായിരുന്നു. കായങ്കുളം ഹസനിയ്യയിൽ അദ്ദേഹം മുദര്രിസായിട്ടുണ്ട് . ശേഷം, ആറു ഏഴു  വര്ഷം ഇരിക്കൂറിൽ ഞാൻ വാപ്പയുടെ അടുത്ത്  നിന്ന് തന്നെ ഓതുകയും ശേഷം ഗോളശാസ്ത്ര പണ്ഡിതനായ ചാലിയം അബ്ദുറഹ്മാൻ മുസ്ലിയാരുടെ ശിഷ്യത്വം ലഭിക്കാനായി വാപ്പ എന്നെ അദ്ദേഹത്തിന്റെ  ദർസിൽ ചേർത്തു. നെല്ലിക്കുന്ന് (കാസർഗോഡ് ) ആയിരുന്നു അദ്ദേഹത്തിന്റെ ദർസ്. അവിടെ നിന്നും മഅ്ബദി , നുഹ്ബ ,മഹല്ലി 3 , തുടങ്ങിയവ ഞാൻ ഓതി . അവിടെ രണ്ടാം മുദർരിസിന്റെ  സ്ഥാനത്തായിരുന്നു ഞാൻ,. പണ്ടുകാലങ്ങളിൽ ദർസിൽ ഓതുന്ന അവസരം തന്നെ കിതാബ് ഓതിക്കൊടുക്കാനും ചാൻസ് ഉണ്ടാകുന്ന ഒരു രീതിയുണ്ടായിരുന്നല്ലോ ,   ഖേദകരമെന്നു പറയട്ടെ, ഇന്ന്  ആ പതിവ്  എടുത്തുമാറ്റപെടുകയാണ്.എന്നാൽ ഞാൻ ബൈളാവി ഓതിയിട്ടുമില്ല . പിന്നീട് ഓതിക്കൊടുക്കുന്ന കാലത്താണ് ബൈളാവി നോക്കുന്നത് . ആകയാൽ കിതാബുപഠനം ശിഷ്ടകാലത്തു എനിക്കുണ്ടാക്കിയ നേട്ടങ്ങൾ ചെറുതൊന്നുമല്ല. ഇൽമിനെ എല്ലാ ഫന്നു (ശാഖ) കളിലും ചെറിയ പരിജ്ഞാനം നേടുവാൻ പഠനകാലത്തേ എനിക്ക് സാദിച്ചിട്ടുണ്ടെന്നാണ് ഇതിന്റെയെല്ലാം ആകെത്തുക .


  •  ബാഖിയാത്തിലെ ഒന്നാം റാങ്കുകാരനായ ഉസ്താദിന്റെ വെല്ലൂരിലെ അനുഭവങ്ങൾ  


1960 ലാണ് ഞാൻ ബാഖിയാത്തിലേക്കു പോകുന്നത്.അന്ന്  എന്റെ കൂടെ സെലക്‌ഷന് 90 പേരുണ്ടായിരുന്നു . സൗകര്യങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക പ്രയാസവും  കാരണം 90 ൽ  23  പേർക്കാണ്  പ്രവേശനം ലഭിച്ചത് . അന്ന് ബാഖിയാത്തിലെ  ശൈഖുൽ ഹദീസ് പാപ്പിനിശ്ശേരിക്കാരനും   എന്റെ വഴികാട്ടിയുമായ ഹസൻ ഹസ്‌റത്ത് ആയിരുന്നു. ഈ തീരുമാനം അദ്ദേഹത്തിന്  ഇഷ്ടപ്പെട്ടില്ല .കുട്ടികളുടെ പരാതി പ്രവാഹമായിരുന്നു .
അവസാനം വിദ്യാർത്ഥികളുടെ അപേക്ഷമാനിച്ച് അദ്ദേഹം കോളേജ് സെക്രട്ടറി പാഷാ ഹാജിയുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഈ ആവശ്യവുമായി ഹസ്‌റത്ത് ഉസ്താദും ബാഫഖി തങ്ങളും എല്ലായിടത്തും സഞ്ചരിച്ച് ധനം സമാഹരിച്ചു അങ്ങനെ അവർക്ക് 23000 രൂപ പിരിച്ചുണ്ടാക്കാനായി ഈ പണം ഇരുവരും സെക്രെട്ടറിയെ ഏൽപ്പിക്കുകയും 90 വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. മലയാളി വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് അന്ന് ഏക ആശ്രയമായിട്ടുള്ളത് ബാഖിയാത്ത് മാത്രമാണല്ലോ . ഒറ്റയടിക്ക് -അതും അക്കാലത്ത് -23000 രൂപ പിരിഞ്ഞുകിട്ടിയത് ബാഖിയാത്ത് ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായും കറാമത്തുകളിൽ ഒന്നായും ഇന്നും കരുതിപ്പോരുന്നു . നല്ല മാർക്കോടെ പ്രവേശനത്തിനു അർഹത ലഭിച്ച ഞാൻ മുഖ്‌തസർ , മുതവ്വൽ അടക്കം മൂന്ന് വർഷമാണ് ബാഖിയാത്തിൽ ചിലവഴിച്ചത് . മുഖ്‌തസറിൽ എനിക്ക് മൂന്നാം റാങ്ക് ആയിരുന്നു . മുതവ്വൽ ഒന്നാം വർഷം ഞാൻ രണ്ടാം റാങ്ക് കാരനും കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാർ ഒന്നാം റാങ്ക് കാരനുമായി . എന്നാൽ, മുതവ്വൽ  രണ്ടാം വർഷ ഫൈനൽ പരീക്ഷയിൽ എ .പി യെ പിന്നിലാക്കി ഞാൻ ഒന്നാം റാങ്കു വാങ്ങി . അന്ന് ഞാനും എ .പി യും തമ്മിൽ മത്സര പഠനമായിരുന്നു .തികഞ്ഞ ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയുമാണ് ഞാൻ ബാഖിയാത്തിലെ ഫൈനൽ പരീക്ഷയെ നേരിട്ടത് . അത് കൊണ്ട് തന്നെ എ .പി യെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതാവാനും എനിക്ക് കഴിഞ്ഞു . ഉറ്റ സുഹൃത്തുക്കളായിരുന്നു ഞങ്ങൾ ഇരുവരും . ബാഖിയാത്തിൽ ഒരേ മുറിയിലാണ് താമസിച്ചത് . പക്ഷെ , ആ സൗഹൃദം ഇന്ന് അദ്ദേഹം എന്നോടു കാണിക്കുന്നില്ല.അഹന്തയാണോ ഇന്നദ്ദേഹത്തെ നയിക്കുന്നതെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട് . ബാഖിയാത്തിലെ ഈ മൂന്ന് വർഷക്കാലവും അവിടെയുള്ള വിദ്യാർത്ഥി കൂട്ടായ്‌മയായ സീനത്തുൽ ഉലമയുടെ പ്രസിഡന്റ് ഞാനായിരുന്നു . അതിനു കീഴിലുള്ള സീനത്ത് മാസികയുടെ പത്രാധിപരും ഞാനായിരുന്നു . പ്രഗത്ഭർ ഉണ്ടായിരുന്നിട്ടും എന്നെ തുടർച്ചയായി മൂന്നു വർഷം പ്രസിഡന്റായി തെരെഞ്ഞെടുത്തത് അവിടുത്തെ എല്ലാവരും തന്ന അംഗീകാരമായി ഞാൻ മനസ്സിലാക്കുന്നു . അതും അക്കാലത്ത് സീനത്തുൽ ഉലമയിൽ സംഘടനാപരമായ ഒട്ടനവധി പ്രശ്‌നങ്ങൾ കീറാമുട്ടിയായി നിൽക്കുന്ന സമയമാണ് . അതെല്ലാം രമ്യമായി പരിഹരിച്ചു കൊണ്ട് പ്രസിഡന്റ് കാലാവധി തീർക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തോടെ ഓർക്കുകയാണ് . അങ്ങനെ ,1963 ൽ അവിടത്തെ പഠനം കഴിഞ്ഞിറങ്ങി .


  • ഉസ്താദ് രചന രംഗത്ത് തല്പരനാണെന്നു കേട്ടിട്ടുണ്ട് . എന്തൊക്കെയാണ് ഉസ്താദിന്റെ എഴുത്തുവർത്തമാനങ്ങൾ ?

ചെറുപ്പം തൊട്ടേ ചെറിയ രീതിയിൽ എഴുത്തിൽ താല്പര്യമുള്ള ആളാണ് .