പെയ്തൊഴിയുന്ന ആത്മീയ ആകാശങ്ങൾ - AL-HILAL

AL-HILAL

JAMIA AS-ADIYYAH ISLAMIYYAH ARABIC AND ARTS COLLEGE , AS-ADABAD , PAPPINISSERI WEST

പെയ്തൊഴിയുന്ന ആത്മീയ ആകാശങ്ങൾ


പെയ്തൊഴിയുന്ന ആത്മീയ ആകാശങ്ങൾ


ലോകം അതിന്റെ  അന്ത്യത്തിലെത്തിയിരിക്കുകയാണോ?
ഇത് ഓരോ മുസ്ലിമിന്റെയും ഖൽബിന്റെ അകത്തളങ്ങളിൽ ഉയരുന്ന ചോദ്യമാണ്  . ആലിമിന്റെ മരണം ലോകത്തിന്റെ തന്നെ മരണമാണെന്ന നബിവചനത്തിന്റെ പിന്നാമ്പുറമെന്നോണമാണ് ഈ ചോദ്യം ഉടലെടുക്കുന്നത് . ഈയടുത്ത കാലങ്ങളിൽ ബഹുമാനപ്പെട്ട ജബ്ബാർ ഉസ്താദ്,അത്തിപ്പറ്റ ഉസ്താദ് പോലെയുള്ള നമ്മുടെ ദീനിന്റെ കാവൽ ഭടന്മാർ നമ്മിൽ നിന്നും വിട പറഞ്ഞിരിക്കുകയാണ് ലോകത്തിലെ തന്നെ ഓരോ വ്യക്തികൾക്കും ഉത്തമ മാതൃക യായിരുന്ന ആ മഹത്തുക്കൾ ഇന്ന് ഇല്ലാത്ത നമുക്ക് വലിയ നഷ്ട്ടം തന്നെയാണ്.
                         നാമൊരു സുന്നിയാണ് എന്നുപറഞ്ഞുനടക്കാൻ കഴിയുമായിരിക്കും, പക്ഷെ  സുന്നത്തിനെ മുറുകെ  പിടിക്കാൻ ഹൃദയത്തിൽ അല്ലാഹുവിനോടും അവന്റെ റസൂലിനോടും അചഞ്ചലമായ വിശ്വാസമുള്ള  ആളുകൾക് മാത്രമേ അതിന് സാദിക്കുകയുള്ളു . അത്തരത്തിൽ സുന്നത്തിനെ മുറുകെ പിടിച്ച് ജീവിച്ച ഒരുമഹാനായിരുന്നു ബഹുമാനപ്പെട്ട അത്തിപ്പറ്റ മുഹ്യുദ്ധീൻ കുട്ടി മുസ്‌ലിയാർ .നാടിന്റെ ഓരോ ഭാഗത്തും നെല്ലും പതിരും തിരിച്ചറിയാനാവാതെ ലഹരികൾക്കടിമപ്പെട്ടുകൊണ്ടു ജീവിച്ച അനവധി വ്യക്തികളുടെ ഉള്ളിൽ ഈമാന്റെ പ്രകാശം  നിറച്ച്  അല്ലാഹുവിന്റെ മാർഗത്തിലേക്ക് നയിച്ച ഒരു സൂഫി പണ്ഡിതനായിരുന്നു അദ്ദേഹം .ജീവിക്കാൻ അനവധി സുഖ സൗകര്യങ്ങൾ ലഭിക്കുമായിരുന്നിട്ടും അല്ലാഹുവിനെ മാത്രം ഭയന്ന് ജീവിച്ച ഉസ്താദ് ഒരു ഭൗതിക സുഖത്തിനും അടിമപ്പെട്ടിട്ടില്ല . ദീൻ എന്താണെന്നും എന്തിനാണെന്നും ലോകത്തിന് പഠിപ്പിച്ചു നൽകിയ മഹാമനസ്കനായ അദ്ദേഹം പാവങ്ങളുടെ അത്താണികൂടിയായിരുന്നു , ഉസ്താദിന്റെ മരണ ശേഷം  ഒരു കുടുംബം പറയുകയുണ്ടായി  " ഇനി ഞങ്ങളുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകും "
കാരണം ആ കുടുംബം പോറ്റി  വളർത്തിയത് ആ മഹാനവർകളായിരുന്നു .
 ഒരു പാത്രത്തിന് ചുറ്റും കുറച്ചാളുകൾ ഒന്നിച്ചിരുന്ന് കഴിക്കുക  എന്നതാണ് ഉസ്താദിന്റെ രീതി .അത് നാമൊക്കെ മാതൃകയാകേണ്ട ഒരുകാര്യമാണ് .സമസ്തയുടെ വളർച്ചക്ക് രാവും പകലും ഒരുപോലെയാക്കി പ്രയത്നിച്ച ഒരു വ്യക്തിത്വമാണ് അത്തിപ്പറ്റ ഉസ്താദ് . ഉസ്താദിന്റെ നാവിൽ സദാ സമയവും കണ്ണിയത്ത്  ഉസ്താദിനെ കുറിച്ചും ശംസുൽ ഉലമയെ കുറിച്ചുമുള്ള വാക്കുകളായിരുന്നു . അത് ഉസ്താദിന്റെ വളർച്ചക്ക് മാത്രമായിരുന്നില്ല മരിച്ച ദീനിന്റെ വളർച്ചക്കും കൂടിയായിരുന്നു .
                        ഇത്തരത്തിൽ സമസ്തയുടെ ഉന്നമനത്തിനായി സദാ സമയവും പ്രയത്നിച്ച  മറ്റൊരു വ്യക്തിത്വത്തിന് ഉടമയാണ് മിത്തബയൽ അബ്ദുൽ ജബാർ  മുസ്‌ലിയാർ വഫാത്തിന്റെ സമയത്ത്  അദ്ദേഹം സമസ്തയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു .അദ്ദേഹം ജനങ്ങൾക്കിടയിൽ ജനങ്ങളുടെ വേദന അറിഞ്ഞു അവരെ സഹായിച്ചു  ജീവിച്ചവരായിരുന്നു .ഉസ്താദിന്റെ ഖബറടക്കത്തിനായി വന്ന ജനസാഗരത്തെ കണ്ടാൽ തന്നെ നമുക്കത്  ഗ്രഹിച്ചെടുക്കാൻ സാധിക്കും .
                      സമസ്തയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോൾ തന്നെ നമ്മിൽ നിന്നും വിടപറഞ്ഞവരായിരുന്നു ബഹുമാനപ്പെട്ട കുമരം പുത്തൂർ എ .പി അബൂബക്കർ മുസ്ലിയാർ വഫാത്തിന്റെ സമയത്ത് പട്ടിക്കാട് ജാമിഅഃ നൂരിയ്യ കോളേജിന്റെ വൈസ് പ്രിൻസിപ്പൾ കൂടിയായിരുന്നു എ .പി ഉസ്താദ് കുറഞ്ഞ കാലം മാത്രമേ ഇവർ സമസ്തയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുള്ളൂ . എങ്കിൽ പോലും സമസ്തയ്ക്ക് വേണ്ടി മുഴുവൻ സമയവും നീക്കിവച്ചിരുന്നു .
                     ഇത്തരത്തിൽ സമസ്തയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോൾ തന്നെ വഫാത്തായ ഉസ്താദാണ് റഈസുൽ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാർ . തന്റെ മക്കളുടെ മരണ വാർത്തയറിഞ്ഞിട്ടു പോലും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നിട്ടില്ല എന്നു മാത്രമല്ല എടുത്തുകൊണ്ടിരുന്ന ക്ലാസ് പൂർത്തിയാക്കിയ ശേഷം മാത്രമാണ് മക്കളെ കാണാൻ പോയത് ഇത്ര മേൽ ദീനിനെ സ്നേഹിച്ചവരാണ് കാളമ്പാടി ഉസ്താദ് . ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഡോക്ടർ ഒരു മാസത്തെ മരുന്ന് നിർദ്ദേശിക്കുകയുണ്ടായി . എന്നാൽ ഉസ്താദ് അത് നിരസിച്ച് ഈ വരുന്ന ചൊവ്വാഴ്ച വരെയുള്ള മരുന്ന് മതിയെന്ന് നിർദ്ദേശിച്ചു . അതു പ്രകാരം മരുന്ന് വാങ്ങുകയും ചെയ്തു .
                     ഇങ്ങനെ  നമ്മുക്ക് മാതൃകയായി ഒട്ടനവധി സൂഫി പണ്ഡിതന്മാർ നമ്മോട് വിടപറഞ്ഞു . ചെറുശ്ശേരി ഉസ്താദ് , ആനക്കര ഉസ്താദ് തുടങ്ങിയ മഹത്തുക്കളെല്ലാം ഇതിലുൾപ്പെടുന്നു . ഇത്തരം മഹത്തുക്കളെക്കുറിച്ച് എഴുതിയാൽ അതിന് വിരാമമിടാൻ സാധ്യമല്ല . അത്രമേൽ ഉണ്ട് മദ്ഹുകൾ പറയാൻ . തൽക്കാലം ഞാൻ എന്റെ തൂലികയ്ക്ക് വിശ്രമം നൽകുന്നു . ഇത്തരം മഹത്തുക്കളുടെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ നാഥൻ തൗഫീഖ് നൽകട്ടെ -ആമീൻ .


മുസമ്മിൽ ആലക്കോട്