അനീതി
കോടതി എല്ലാം കാണുന്നുണ്ട്
പുക ഉയരാത്ത കുടിലുകളിലെ
പങ്കയിൽ ചാർത്തിയ കയറുകൾ
കഥയറിയാതെ ജയിലറകളിലെ
ഇരുളിൽ ഉയരുന്ന നെടുവീർപ്പുകൾ
ഖജനാവിൻറെ നനവിൽ
തളിരിട്ട പൊട്ടിച്ചിരികൾ
കാമക്കഴുകരുടെ വിരലുകൾക്കടിയിൽ
പിടയുന്ന പെൺ ജീവിതങ്ങൾ
ചുമലിൽ ജീവിതം ചുമന്ന്
കരകൊതിച്ചൊഴുകുന്ന അഭയാർത്ഥികൾ
കൊട്ടിയടക്കപ്പെടുന്ന ഓഫീസുകൾക്കിടയിലെ
തഴമ്പെടുത്ത പാദങ്ങൾ
ജീവനറ്റ നീതിപുസ്തകങ്ങൾക്കിടയിലൂടെ
കോടതി എല്ലാം കാണുന്നുണ്ട്.
നജീബ് കോറോത്ത്